

മറവിക്കെതിരായ കാൻവാസ്: അൻസെലം കിഫറിന്റെ കലയും രാഷ്ട്രീയവും
യുദ്ധാനന്തര ജർമൻ സമൂഹം നേരിടേണ്ടിവന്ന കുറ്റബോധവും ചരിത്രബാധ്യതയും തന്റെ പെയിന്റിംഗിന് വിഷയമാക്കി . അൻസെലം കിഫറിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും തമ്മിൽ നിലകൊള്ളുന്ന ആധുനിക കലയുടെ ഏറ്റവും തീവ്രമായ ശബ്ദങ്ങളിലൊന്നാണ്. ചരിത്രം മറക്കാനുള്ള മനുഷ്യന്റെ സ്വഭാവത്തിനെതിരായ ശക്തമായ എതിർപ്പായി കിഫറിന്റെ പെയിന്റിംഗുകൾ വായിക്കപ്പെടുന്നു. സൗന്ദര്യാനുഭവം നൽകുക എന്നതിലുപരി, ഓർമ്മയും കുറ്റബോധവും ഉത്തരവാദിത്തവും കലയുടെ വിഷയമാക്കുകയാണ് അദ്ദേഹം.


അൻസെലം കിഫറിന്റെ ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ ദൃശ്യവിസ്ഫോടനം പോലെയാണ്. വിശാലമായ കാൻവാസുകൾ, കത്തിക്കരിഞ്ഞ നിലങ്ങൾ, ശൂന്യമായ ഭൂപ്രദേശങ്ങൾ—ഇവയിൽ ജർമൻ ചരിത്രത്തിന്റെ മുറിവുകൾ ദൃശ്യമായി പതിഞ്ഞിരിക്കുന്നു. നാസി കാലഘട്ടത്തിന്റെ അനന്തരഫലങ്ങൾ, യുദ്ധാനന്തര സമൂഹത്തിന്റെ മൗനം, മറവിയിലേക്കുള്ള ശ്രമങ്ങൾ—ഇവയെല്ലാം കിഫറിന്റെ കലയിൽ ആവർത്തിച്ചുവരുന്ന പ്രമേയങ്ങളാണ്. ചരിത്രത്തെ സുന്ദരമാക്കി അവതരിപ്പിക്കാതെ, അതിന്റെ ഭാരം ശക്തമായി കാണിക്കുകയാണ് അദ്ദേഹത്തിന്റെ സമീപനം.
കിഫറിന്റെ പെയിന്റിംഗുകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെ അർത്ഥവാഹികളാണ്. ലെഡ്, ചാരം, മണ്ണ്, പുല്ല്, ഉണങ്ങിയ സസ്യങ്ങൾ, പുസ്തകങ്ങൾ—ഇവയെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. പെയിന്റിംഗ് ഒരു സമതലമെന്നതിലുപരി, ഒരു ഭൗതിക സ്മാരകമായി മാറുന്നു. സമയം, നാശം, പുനർജന്മം എന്നീ ആശയങ്ങൾ ഈ വസ്തുക്കളിലൂടെ ദൃശ്യമായി അനുഭവപ്പെടുന്നു. ചാരം അവസാനത്തിന്റെ ചിഹ്നമല്ല; അതിൽ നിന്ന് പുതിയ അർത്ഥങ്ങൾ മുളയ്ക്കുന്നുവെന്ന സൂചനയാണ്.


കവിതയും തത്ത്വചിന്തയും കിഫറിന്റെ കലയിൽ കേന്ദ്രസ്ഥാനമാണ്. പോൾ സെലാൻ പോലുള്ള കവികളുടെ വരികൾ ചിത്രങ്ങളിൽ എഴുത്തായി പ്രത്യക്ഷപ്പെടുന്നു. ഭാഷയും ദൃശ്യവും തമ്മിലുള്ള ഈ സംഘർഷം, ഓർമ്മയെ എങ്ങനെ രേഖപ്പെടുത്താം എന്ന ചോദ്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഇവിടെ പെയിന്റിംഗ് ‘കാണപ്പെടുന്നതും’ ‘വായിക്കപ്പെടുന്നതുമാണ്’. നിറപ്രയോഗത്തിൽ കിഫർ പൊതുവേ മങ്ങിയ, ഭൂമിയോട് ചേർന്ന ടോണുകളാണ് തിരഞ്ഞെടുക്കുന്നത്—ചാരനിറങ്ങൾ, കറുപ്പ്, മങ്ങിയ സ്വർണ്ണം. ഈ നിറങ്ങൾ ദുഃഖത്തിന്റെ മാത്രം പ്രതീകങ്ങളല്ല; നാശത്തിനുള്ളിൽ തന്നെ പുനർജന്മത്തിന്റെ സാധ്യതയുണ്ടെന്ന ബോധവും അവ ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രത്യാശ പ്രഖ്യാപിക്കുന്നില്ല; പക്ഷേ പ്രത്യാശയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ നിർബന്ധിക്കുന്നു.
1945-ൽ ജർമനിയിലെ യുദ്ധാവസാന കാലത്താണ് അൻസെലം കിഫർ ജനിക്കുന്നത്. തകർന്ന രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വളർന്ന ബാല്യം, പിന്നീട് അദ്ദേഹത്തിന്റെ കലയുടെ അടിത്തറയായി. തുടക്കത്തിൽ നിയമവും സാഹിത്യവും പഠിച്ചെങ്കിലും, പിന്നീട് അദ്ദേഹം പൂർണമായും കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. യുദ്ധാനന്തര ജർമൻ സമൂഹം നേരിടേണ്ടിവന്ന കുറ്റബോധവും ചരിത്രബാധ്യതയും കലയുടെ വിഷയമാക്കിയത് അദ്ദേഹത്തെ വേറിട്ടുനിർത്തി.







1960-കളുടെ അവസാനം മുതൽ തന്നെ കിഫർ വിവാദങ്ങളുടെ കേന്ദ്രത്തിലായിരുന്നു. നാസി ചിഹ്നങ്ങളും ചരിത്രവും കലയിൽ ഉൾപ്പെടുത്തിയത് വിമർശനങ്ങൾക്കിടയാക്കി. എന്നാൽ അത് മഹത്വപ്പെടുത്തലല്ല, മറിച്ച് നേരിടലാണെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. കാലക്രമേണ, ഈ സമീപനം ആഗോള കലാലോകം അംഗീകരിച്ചു; കിഫർ സമകാലീന കലയുടെ അനിവാര്യ ശബ്ദമായി മാറി.
ജർമനിയിൽ നിന്ന് ഫ്രാൻസിലേക്ക് താമസം മാറിയ ശേഷം, അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കൂടുതൽ വിശാലവും ചിന്താദീപ്തവുമായതായി. പെയിന്റിംഗ്, ശില്പം, ഇൻസ്റ്റലേഷൻ—എന്നിവയുടെ അതിരുകൾ കിഫർ മായ്ച്ചുകളഞ്ഞു. വ്യക്തിപരമായ ഓർമ്മകളിൽ നിന്ന് ആരംഭിച്ച കല, മനുഷ്യരാശിയുടെ സംയുക്ത ഓർമ്മയിലേക്ക് വ്യാപിച്ചു.
കിഫറിന്റെ കല എളുപ്പത്തിൽ ആസ്വദിക്കാവുന്നതല്ല. അത് നമ്മെ അസ്വസ്ഥരാക്കുന്നു, ചോദ്യങ്ങൾ ഉയർത്തുന്നു, മറവിയുടെ സുഖം നിഷേധിക്കുന്നു. എന്നാൽ അതിലൂടെയാണ് അദ്ദേഹം കലയുടെ ധാർമ്മിക ചുമതല നിർവഹിക്കുന്നത്—ചരിത്രത്തെ ഓർമ്മിപ്പിക്കുക, നിശബ്ദതയെ തകർക്കുക, മനുഷ്യനെ ഉത്തരവാദിത്തത്തിലേക്ക് വിളിക്കുക. അതുകൊണ്ടുതന്നെ, കിഫറിന്റെ പെയിന്റിംഗുകൾ ഒരു കാലഘട്ടത്തിന്റെ ദൃശ്യസാക്ഷ്യമായി ഇന്നും ശക്തമായി നിലകൊള്ളുന്നു.
-സുധീഷ് വയനാട്




👆 അൻസെലം കിഫറിന്റെ പെയിന്റിംഗ്കള്‍






